• address
    Number : +234 809 986 2222
  • email
    Email : keralasamajamnigeria@gmail.com
  • call
    Address : Lagos, Nigeria
class

ആമയിഴഞ്ചാൻ തോട് മലയാളിക്കു മുന്നിൽ തുറക്കുന്ന പാഠം

കഴിഞ്ഞ 3 ദിവസങ്ങളായി കേരളത്തിന്റെ മൊത്തം ശ്രദ്ധ തിരുവനന്തപുരം ജില്ലയിലെ ആമയിഴഞ്ചാൻ തോട്ടിലേക്കായിരുന്നു. തോടു വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ജോയിക്ക് നേരിട്ട അപകടവും അതേ തുടർന്നു നടന്ന രക്ഷാപ്രവർത്തനവും നാം തത്സമയം വീക്ഷിച്ചു വരികയായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം മരണത്തിനു കീഴടങ്ങിയത് വേദനാജനകമാണ്. അമിത മാലിന്യകൂമ്പാരം രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിച്ചിരുന്നു. ഭരണകൂടത്തേയും സംവിധാനങ്ങളേയും പരസ്പരം പഴിചാരുകയാണ് നാം. എന്നാൽ ഞാനുൾപ്പെടെയുള്ള മലയാളിയുടെ തെറ്റായ ശുചിത്വബോധമാണ് ഈ അപകടത്തിന് കാരണമെന്ന് നാം മനസിലാക്കണം.

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വർദ്ധിച്ചു വരുന്ന മാലിന്യ സംസ്കരണ പ്രതിസന്ധി. നമ്മുടെ ഏറ്റവും വലിയ സ്വപ്നമാണ് മാലിന്യമുക്ത കേരളം. എന്നാൽ ആ സ്വപ്നം എത്രയോ വിദൂരമാണ്. ശാസ്ത്രീയമായ മാലിന്യശേഖരണവും സംസ്കരണവുമാണ് ഏക പോംവഴി എങ്കിലും ഇതിനു മുൻകൈ എടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകാത്തതിനാൽ കാര്യങ്ങൾ പലയിടത്തും കൈവിട്ടു പോവുകയാണ്. നമ്മുടെ വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പലപ്പോഴും പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുക പതിവായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പൗരബോധത്തിൻ്റെ മുഖംമൂടി അണിഞ്ഞ് ഇരുട്ടിൻ്റെ മറവിൽ വഴിയോരങ്ങളിലും, തോടുകളിലും മറ്റും മാലിന്യം തള്ളുന്നവർ ഇന്നുമുണ്ട്. ആശുപത്രി, ഹോട്ടൽ, മാർക്കറ്റ് മാലിന്യങ്ങൾ പോലും ഇതിലുൾപ്പെടുന്നുണ്ട്. നിയമം മൂലം പ്ലാസ്റ്റിക്കുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്ലാസ്റ്റിക് ഉപയോഗം വലിയ രീതിയിൽ നടക്കുന്നുണ്ട്. ഹരിതകർമ്മ സേനകൾ പോലെയുള്ളവർ മാലിന്യ ശേഖരണം നടത്തുന്നുണ്ടെങ്കിലും കൃത്യമായ സംസ്കരണം നടക്കുന്നില്ല. ടൂറിസ്റ്റ് സ്ഥലങ്ങളിലും മറ്റു പൊതുയിടങ്ങളിലും പ്ലാസ്റ്റിക് ശേഖരണത്തിന് സൗകര്യമൊരാരുക്കിയിട്ടുണ്ടെങ്കിലും ആരും കൃത്യമായി അവ ഉപയോഗപ്പെടുത്തുന്നില്ല.

ഒരു പക്ഷേ കൃത്യമായ മാലിന്യ സംസ്കരണം നടന്നിരുന്നെങ്കിൽ ഇന്ന് ജോയി എന്ന ആ സാധു മനുഷ്യനെ നമുക്ക് രക്ഷിക്കാൻ കഴിയുമായിരുന്നു. ഇനി മറ്റൊരു ജോയി ഉണ്ടാകുന്നതിനു മുമ്പ് തന്നെ അതിനുള്ള കൃത്യമായ മാർഗ്ഗങ്ങൾ ഉണ്ടാക്കണം. അത് ഒരു വ്യക്തിയുടെ ജീവനു മാത്രമല്ല, മാലിന്യത്തിൽ നിന്നും പടരുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും അവ സഹായകരമാകും. 1 വർഷം മുമ്പ് ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ നടന്ന തീപിടുത്തം ഇന്നും നമ്മുടെ കാഴ്ചകളിൽ നിന്ന് മറഞ്ഞിട്ടില്ല.

മാലിന്യ സംസ്കരണം നമുക്ക് നമ്മുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങാം. മാലിന്യങ്ങൾ പൊതുവിടങ്ങളിലേക്ക് പുറംതള്ളാതെ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കാം. പ്ലാസ്റ്റിക്കിൻ്റെയും മറ്റും ഉപയോഗം പരമാവധി കുറയ്ക്കാം. മാലിന്യമുക്ത കേരളം എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ നമുക്കും ഒരുമിച്ചു പ്രവർത്തിക്കാം.

ബ്ലസൻ ചെറുവക്കൽ
മാഗസിൻ ചീഫ് എഡിറ്റർ